തിരുവനന്തപുരം: ബാങ്ക് വാച്ചറായി ജോലി ചെയ്യവെ മരിച്ച ഭർത്താവിന്റെ ആശ്രിത ജോലി തനിക്ക് നൽകാത്തതിൽ മനം നൊന്ത് യുവതിയുടെ ആത്മഹത്യാ ഭീഷണി. കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറിയായിരുന്നു യുവതിയുടെ ആത്മഹത്യാ ഭീഷണി. സമീപത്തെ 30 അടി താഴ്ചയുള്ള സെമിത്തേരി വളപ്പിലേക്ക് ചാടുമെന്നായിരുന്നു ഭീഷണി.
പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അര മണിക്കൂറോളം മതിലിന് മുകളിൽ നിന്ന ശ്രീരഞ്ജിനിയെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴേക്ക് ഇറക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5.30-ഓടെ മാസ്‌കറ്റ് ഹോട്ടലിന് സമീപമുള്ള ബാങ്ക് ആസ്ഥാനത്തായിരുന്നു സംഭവം. ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള കാരക്കോണം, വെള്ളറട, ഉദിയൻകുളങ്ങര, ബാലരാമപുരം ശാഖകളിൽ 14 വർഷം താൽക്കാലിക വാച്ചറായി സേവനമനുഷ്ടിച്ച പ്രകാശ് മൂന്ന് വർഷം മുൻപാണ് മരിച്ചത്. പിന്നീട് ഈ ജോലി തനിക്ക് നൽകണമെന്ന ആവശ്യവുമായി ശ്രീരഞ്ജിനി ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലും കേരളബാങ്ക് ആസ്ഥാനത്തും പലതവണ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.
അവസാന ശ്രമം എന്ന നിലയിലാണ് ബാങ്ക് ആസ്ഥാനത്തേയ്‌ക്ക് ശ്രീരഞ്ജിനി വീണ്ടുമെത്തുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർ ഇവരെ കടത്തി വിട്ടില്ല. ബാങ്കിന് മുന്നിൽ കാത്ത് നിന്ന യുവതി ജീവനക്കാർ ബാങ്ക് പൂട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മതിലിൽ കയറുകയായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങാൻ കൂട്ടാക്കിയിട്ടില്ല. ഒടുവിൽ മ്യൂസിയം പോലീസും ചെങ്കൽചൂളയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി സംസാരിച്ച് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
Post Your Comments