കേരളത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ, മഴ വിട്ടകന്നതോടെയാണ് ചൂട് വീണ്ടും ഉയരുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് അനുഭവപ്പെടുക.
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില ഉയരുക. ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് ഈ ജില്ലകളിൽ അനുഭവപ്പെടുക.
ഇത്തവണ സംസ്ഥാനത്ത് വേനൽ മഴയിൽ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലെ ചിലയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഉണ്ടായില്ല. ജൂൺ 4 മുതലാണ് സംസ്ഥാനത്ത് കാലവർഷം എത്താൻ സാധ്യത.
Post Your Comments