‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുത്തുകാർ പറഞ്ഞത്, എങ്കിൽ തൃശൂരിന് ഗുണമുണ്ടാകും’; ബൈജു സന്തോഷ്

സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ച് നടൻ ബൈജു സന്തോഷ്. മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും ബൈജു പറഞ്ഞു. ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. കാരണം കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്.

ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് പോകരുതെന്ന് ഒരിക്കൽ ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞപ്പോൾ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഗണേഷ് കുമാർ ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട്’, ബൈജു കൂട്ടിച്ചേർത്തു.

Share
Leave a Comment