കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് ഇതിനുള്ള അപേക്ഷ നൽകി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ എത്തിക്കുന്നത്. പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങും.
പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കും. കൊലപാതകം നടത്താനിടയായ സാഹചര്യങ്ങളും കാരണവുമാണ് പ്രധാനമായും സംഘം തേടുക. തുടർ ദിവസങ്ങളിൽ ആശുപത്രിയിലും കുടവട്ടൂർ ചെറുകരക്കോണത്തും എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും.
വന്ദനാ ദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽനിന്നും ഫൊറൻസിക് സർജനിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. മൃതദേഹപരിശോധനാ റിപ്പോർട്ട് വരും ദിവസങ്ങളിൽ സംഘത്തിനു ലഭിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കയച്ചു. കൊലചെയ്യാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്രിക, സംഭവസ്ഥലത്തുനിന്നു ലഭിച്ച രക്തത്തുള്ളികൾ എന്നിവയും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.
Post Your Comments