കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെട്രോൾ പമ്പ് ജീവനക്കാരിയുടെ സ്വർണ മാല ബൈക്കിലെത്തി കവർന്നയാൾ പൊലീസ് പിടിയിൽ. കുറ്റിച്ചിറ സ്വദേശിയും ഒടുമ്പ്രയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് ഫൈജാസിനെയാണ് (38) അറസ്റ്റ് ചെയ്തത്.
മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൊളായിത്താഴം പെട്രോൾ പമ്പിനടുത്തു നിന്ന് സ്ത്രീ നടന്നുപോകുമ്പോഴാണ് മാല പൊട്ടിച്ചത്. കവർച്ചസമയം ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പറാണ് ഘടിപ്പിച്ചത്. കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇയാൾ പുതിയ നമ്പർ മാറ്റി യാത്ര തുടർന്നെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ സ്പെഷൽ ആക്ഷൻ ഗ്രൂപ് ഇയാളെ പിടികൂടുകയായിരുന്നു.
Read Also : പൊതുസ്ഥലത്ത് മാലിന്യംതള്ളൽ: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്
ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ വിശോഭ്, സച്ചിത്ത്, ഷിജു എന്നിവരുമുണ്ടായിരുന്നു. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments