KeralaLatest NewsNews

പൊതുസ്ഥലത്ത് മാലിന്യംതള്ളൽ: വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യ സംസ്‌കരണ കർമ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്മെന്റ് ശക്തിപ്പെടുത്തണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ്: അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നുവെന്ന് എംവി ഗോവിന്ദൻ

നിയമലംഘനങ്ങൾ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തി നിയമനടപടികൾ സ്വീകരിക്കണം. കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നവരുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. പാർക്കിംഗിന്റെ മറവിലുള്ള മാലിന്യം തള്ളലിനെതിരെ പോലീസ് ഇടപെട്ട് നടപടിയെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും ബയോബിന്നുകൾ ഉറപ്പാക്കണം. തുമ്പൂർമൊഴിപോലുള്ള കമ്മ്യൂണിറ്റി സംവിധാനങ്ങൾ നടപ്പിലാക്കണം. മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ ഏജൻസികളുമായി കരാറിലേർപ്പെടണം. ഹരിത കർമ്മസേനയുടെ 100 ശതമാനം കവറേജ് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ അറിയിപ്പ് ബോർഡുകളും വേയ്സ്റ്റ് ബിന്നുകളും സ്ഥാപിക്കണമെന്നും സിസിടിവി ക്യാമറകൾ പ്രവർത്തന സജ്ജമാക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യോഗത്തിൽ പറഞ്ഞു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കൊച്ചി മേയർ എം അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Read Also: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button