
കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ താരം ചേർത്തുപിടിച്ചു. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താൻ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുമെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും, ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇതിനിടെ, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് കാരണമായ പ്രതി മയക്കുമരുന്നിന് അടിമയാണോ എന്ന സംശയം ഡോ. മുഹമ്മദ് ഷാഫി അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നുവെന്നും ഇയാൾ എന്താണ് ചെയ്യുന്നതെന്ന് ഇയാൾക്ക് തന്നെ ബോധം ഉണ്ടായിരുന്നില്ലെന്നുമാണ് ഡോക്ടർ പറയുന്നത്. നിലവിൽ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments