കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ശമ്പളം പൂർണമായും നൽകാൻ 50 കോടി രൂപ കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, 30 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.
ഗഡുക്കളായുളള ശമ്പള വിതരണത്തിനെതിരെ കോർപ്പറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, കെഎസ്ആർടിസി ഗഡുക്കളായുളള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവും, തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് മാനേജ്മെന്റ് നിലപാട് അറിയിച്ചത്.
Post Your Comments