KeralaLatest NewsNews

വിവാഹത്തിന്റെ അന്ന് തന്നെ വിവാഹം വേണ്ടെന്നുവെച്ച യുവതി സ്വന്തം വീട്ടുകാര്‍ക്ക് വരുത്തിവെച്ചത് വന്‍ ബാധ്യത

വരന്റെ വീട്ടുകാര്‍ക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തൃശൂര്‍ :തൃശൂരില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേയ്ക്ക് വലതുകാല്‍ വെച്ച് കയറുന്ന ചടങ്ങിനിടെ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പെണ്‍കുട്ടി വീട്ടില്‍ കയറാതെ തിരിഞ്ഞോടിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായി.

Read Also: ‘ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ’: മംമ്ത

പെണ്‍കുട്ടി വിവാഹബന്ധം വേണ്ടെന്നു പറഞ്ഞ സംഭവത്തിനു പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിവാഹബന്ധം ഒഴിയാന്‍ ഇരു വീട്ടുകാരും സമ്മതിച്ചെന്നും, നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും വരന്‍ യുവതിയുടെ കഴുത്തില്‍ കെട്ടിയ താലി മാലയും വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് കൊടുക്കണമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായി എന്നാണ് വിവരം

അതേസമയം, സാമ്പത്തികമായി വലിയ കഷ്ടതയിലായ വധുവിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത ബാധ്യതയാണ് ഇതുമൂലമുണ്ടായതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ ഈ തുക നല്‍കിക്കൊള്ളാമെന്ന് പൊലീസ് സാന്നിദ്ധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിവാഹത്തിന് പിന്നാലെ നാടകീയ സംഭവങ്ങള്‍ ഉടലെടുത്തത്. കുന്നംകുളം തെക്കേപ്പുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങളാണ് വരന്റേയും വധുവിന്റേയും. രണ്ടുകൂട്ടരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള മെയിന്‍ റോഡിലാണ് വാഹനത്തില്‍ വധു വന്നിറങ്ങിയത്. അവിടെ നിന്ന് വരന്റെ വീട്ടിലേക്ക് നടന്നുവേണമായിരുന്നു പോകാന്‍. മാത്രമല്ല പട്ടയം ലഭിക്കാത്ത ഭൂമിയായിരുന്നു വരന് സ്വന്തമായുണ്ടായിരുന്നത്. വീടിന്റെ പിന്‍വശം വഴിയാണ് വരനും വധുവും വീട്ടിലേക്ക് പ്രവേശിച്ചതും. റോഡിന്റെയും വീടിന്റെയും ശോചനീയാവസ്ഥ കണ്ട് നടന്നു വരുന്ന വഴിയില്‍ വച്ചുതന്നെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, `എനിക്കിവിടെ നില്‍ക്കാന്‍ വയ്യ´ എന്നും പെണ്‍കുട്ടി കൂടെ വന്നവരോട് പറഞ്ഞിരുന്നു.

വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ വീടിനു പുറത്താണ് നിന്നത്. തന്റെ വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ വധുവിന്റെ വീട്ടുകാരെ ചിലര്‍ വിവരമറിയിച്ചു. കുറച്ചുനേരമിരുന്നിട്ടും തന്റെ വീട്ടുകാര്‍ എത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയില്‍ ബന്ധം വേര്‍പ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് താന്‍ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് വരന്റെ ബന്ധുക്കള്‍ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവര്‍ വധുവിനെ ബലമായി തിരികെ കൊണ്ടു വരികയായിരുന്നു. വീട്ടിലേക്ക് കയറുന്ന ചടങ്ങ് തീര്‍ക്കാന്‍ ബന്ധുക്കള്‍ വധുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞശേഷം നമുക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ വരന്റെ ബന്ധുക്കള്‍ ആശങ്കയിലായി.

കൂലിപ്പണിക്കാരനാണ് വരന്‍. പട്ടയം ലഭിക്കാത്ത അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതേസമയം പട്ടയം ഉടന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഓടും ഓലയും കുറേ ഭാഗങ്ങള്‍ ഷീറ്റും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിക്കു വേണ്ടസ്വകാര്യത പോലും വീട്ടിലില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാത്രമല്ല വീടിനുള്ളിലെ മുറികളില്‍ കതകില്ലെന്നും അതിനുപകരം കര്‍ട്ടനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാത്ത്‌റൂം സൗകര്യം പോലും പരിമിതമാണെന്നും യുവതി ചൂണ്ടിക്കാട്ടി. ബാത്ത്‌റൂമിന്റെ വാതില്‍ ഇളകി വീണതാണെന്നും ഉപയോഗിക്കണമെങ്കില്‍ അത് ചാരിവയ്ക്കമെന്നും പെണ്‍കുട്ടി ആരോപിച്ചു.

ഇതോടെ വരന്റെ വീട്ടുകാര്‍ പ്രതിരോധത്തിലായി. തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തില്‍ നിന്നു വിളിച്ചു വരുത്തി. ചടങ്ങില്‍ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി വഴങ്ങിയില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്‌നം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ത്തിന് കാരണമായി. പ്രശ്‌നം കൈവിട്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വധുവിനോട് സംസാരിച്ചു. വീട്ടില്‍ കയറിക്കൂടെ എന്ന് വധുവിനോട് പൊലീസ് ചോദിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.

ഒടുവില്‍ വരന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരോടും പൊലീസ് സംസാരിച്ചു. അവര്‍ക്കും പെണ്‍കുട്ടിയെ തിരിച്ചു കൊണ്ടു പോകണമെന്ന ആഗ്രഹമായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button