കൊച്ചി: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് കോടതി പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു.
പ്രതിയെ ഒരു ഡോക്ടര്‍ക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്തത്. പലരേയും അക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടര്‍ വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അത് തടയാതെ എന്തായിരുന്നു പോലീസിന്റെ ജോലിയെന്നും കോടതി വിമര്‍ശിച്ചു.
‘ആ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, എക്സ്പീരിയന്‍സ്ഡ് അല്ല’
പോലീസ് എന്ത് ചെയ്യുകയായിരുന്നു? ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിന് പ്രതിയുടെ പെരുമാറ്റം മനസിലാക്കാന്‍ കഴിയണം. പരിശീലനം ലഭിച്ച സേനയുടെ ചുമതല പിന്നെയെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിച്ചത്.
ഒരു പരാതിക്കാരനായാണ് ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാംദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സഹായം ആവശ്യപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. അതനുസരിച്ച് പോലീസ് ഇയാളെ കണ്ടെത്തുമ്പോള്‍ പരിക്കുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
Post Your Comments