തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. കോലാനി പാറക്കടവ് പുത്തൻമണ്ണത്ത് പൗലോസ് പൈലി (68) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. സ്റ്റാൻഡിലെ ബസ് ജീവനക്കാർക്ക് രഹസ്യമായി പുകയില ഉത്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തിവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽ നിന്നു 76 ഹാൻസ് പായ്ക്കറ്റുകൾ കണ്ടെടുത്തു.
Read Also : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി: ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു
പുകയില ഉത്പന്നങ്ങൾ സ്റ്റാൻഡിലെത്തുന്ന പതിവു യാത്രക്കാർക്ക് രഹസ്യമായി കൈകമാറി പണം കൈപ്പറ്റുകയായിരുന്നു രീതി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇന്നലെ മഫ്തിയിലെത്തിയാണ് പോലീസ് പിടികൂടിയത്.
തുടർന്ന്, പ്രതിയുമായി പാറക്കടവിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഹാൻസ് പായ്ക്കറ്റുകൾ കണ്ടെടുത്തു. നേരത്തെ ബസ് ജീവനക്കാരനായിരുന്ന ഇയാൾക്ക് സ്റ്റാൻഡിൽ പലരുമായും മുൻപരിചയമുണ്ട്. ഇതിന്റെ മറവിലാണ് കഴിഞ്ഞ അഞ്ചുവർഷമായി ലഹരി ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments