Latest NewsKeralaNews

ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ

എറണാകുളം: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലാവരുടെ എണ്ണം ആറായി.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം മൈസൂരുവിലേക്ക് വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഏപ്രിൽ 12നാണ് ഉണിച്ചിറയിലെ ഗോഡൗണിലെ രഹസ്യ അറയിൽ നിന്ന് ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. പഴയ ടയറുകൾ വിൽക്കുന്ന കടയെന്ന വ്യാജേന പ്രതികൾ ഗോഡൗണിൽ സ്പിരിറ്റ് സൂക്ഷിച്ച് വരികയായിരുന്നു.

മാവേലിക്കര സ്വദേശി അഖിൽ വിജയൻ, ഇയാളുടെ സഹായി അർജ്ജുൻ അജയൻ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കാക്കനാട് നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

നേരത്തെ അജിത്ത്, ഷാജൻ, നിബു സെബാസ്റ്റ്യൻ, തോമസ് ജോർജ്ജ് എന്നിവരും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണത്തിനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ലോറിയിൽ വൻ തോതിൽ സ്പിരിറ്റ് എത്തിച്ച് നൽകിയിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂരു സ്വദേശിയാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഇയാൾക്കായുള്ള തിരച്ചിൽ മൈസൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ബി ടെനിമോൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button