Latest NewsKeralaNews

രജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴും പണം വാങ്ങി; ശേഷം ഫോട്ടോയെടുത്ത് വരാമെന്ന് പറഞ്ഞ് മുങ്ങി, ഒടുവിൽ അകത്തായി!

തിരുവനന്തപുരം: ഹണിട്രാപ്പ് കേസുകളിൽപ്പെട്ട അശ്വതി അച്ചുവിനെ പൂവാർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ മരിച്ച ശേഷം ഭിന്നിശേഷികാരിയായ മകളെ സംരക്ഷിക്കാനാണ് 68 കാരൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഒരു സുഹൃത്തുവഴിയാണ് അശ്വതിയുടെ ആലോചനയെത്തുന്നത്. വിവാഹ ചെലവുകള്‍ക്കെന്ന പേരില്‍ അശ്വതി ആദ്യം കുറച്ചു പണം വാങ്ങി. രജിസ്ട്രേഷനായ പൂവ്വാർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയപ്പോള്‍ വീണ്ടും പണം ചോദിച്ചു. ഇതിന് ശേഷം ഫോട്ടോയെടുത്തവരാമെന്ന് പറഞ്ഞാണ് അശ്വതി മുങ്ങിയത്.

പണം തിരികെ കിട്ടാതായതോടെ അശ്വതി തന്നെ പറ്റിച്ചതാണെന്ന് മനസിലായ വൃദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, 1000രൂപ മാത്രം കടം വാങ്ങിയെന്നായിരുന്നു അശ്വതി അച്ചുവിന്‍റെ മൊഴി. വിശദമായ അന്വേഷണത്തിനൊടുവിൽ വൃദ്ധൻ അശ്വതി അച്ചുവിന് പണം കൈമാറിയതിന്‍ രേഖകൾ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ്.

മുൻപ് ഇവർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് ‘അശ്വതി അച്ചു’. നടപടികൾ മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഈ കേസുകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം പുറത്തറിയുന്നത് 2021 സെപ്റ്റംബറിൽ ആയിരുന്നു. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസായിരുന്നു ഇത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button