KeralaLatest NewsNews

റോഡിന് കുറുകെ മരണക്കുഴി, മുന്നറിയിപ്പ് ബോർഡ് പോലുമില്ല; യാത്രക്കാരന്റെ മരണത്തിന് ആര് ഉത്തരം പറയും?

ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു. പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്. കുഴിയെടുത്ത ഭാഗത്തോ റോഡിന് സമീപത്തോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. ഇതാണ് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡു വെട്ടിയത്. രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. ജോയി മരണപ്പെട്ടുവെന്ന് അറിഞ്ഞ ശേഷമാണ് ഇവിടെ മുന്നറിയിപ്പ് ബോർഡ് പൊന്തിയത്. പ്രതിഷേധം മുൻകൂട്ടി കണ്ട് അപകടം നടന്ന ശേഷം അധികൃതർ സ്ഥലത്തെത്തി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അധികൃതരുടെ കനത്ത അനാസ്ഥ മൂലമാണ് ജോയി മരണപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ ഇടപെടണമെന്നും, മരണത്തിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും ഇവർ പറയുന്നു. റോഡ് പണി നാല്‌ വർഷത്തോളമായി തുടരുന്നു. അതിനിടയിലാണ് കലുങ്കിന്റെ പണി. മത്സ്യത്തൊഴിലാളിയായ ജോയി രാവിലെ പണിക്ക് പോകുമ്പോൾ റോഡിൽ കുഴി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാത്രി തിരിച്ചെത്തിയപ്പോൾ റോഡിലെ കുഴി കണ്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button