തൊടുപുഴ: പ്രഭാത സവാരിക്ക് ഇറങ്ങിയ ഗൃഹനാഥനെ മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ. അയൽവാസികളായ അമ്മയും മകളും ആണ് ഗൃഹനാഥനെതിരെ ക്വട്ടേഷൻ നൽകിയത്. തൊടുപുഴയിലാണ് സംഭവം. ഇഞ്ചിയാനി പുറക്കാട്ട് സ്വദേശിയായ ഓമനക്കുട്ടന് നേരെയാണ് ആക്രമണം നടന്നത്.
തൊടുപുഴ ഇഞ്ചി കുറവൻ പറമ്പിൽ മിൽക്ക, മകൾ അനീറ്റ എന്നിവരാണ് ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ ഇരുവർക്കും എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഒളിവിൽ പോയ ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യമാണ് ക്വട്ടേഷൻ നൽകാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളും പത്തോളം കേസുകളിൽ പ്രതികളുമായ ചേരാനല്ലൂർ അമ്പലക്കടവ് ചുരപ്പറമ്പിൽ സന്ദീപ്, വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീടിനു സമീപമുള്ള ഇടറോഡിൽ കൂടി നടന്നു വരുമ്പോഴായിരുന്നു ഓമനക്കുട്ടന് നേരെ ആക്രമണം നടന്നത്. ഓമനക്കുട്ടന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണും പ്രതികൾ പിടിച്ചെടുത്തു. പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
Post Your Comments