KeralaLatest NewsNews

കുട്ടികള്‍ക്ക് നേരെ ക്രൂരമർദനം, ഉപ്പിൽ മുട്ടുകുത്തി നിർത്തും: ബന്ധു കസ്റ്റഡിയിൽ

നെടുങ്കണ്ടം: അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണു സംഭവം. അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ക്രൂര മർദനത്തിന് ഇരയായത്. അക്കങ്ങളും അക്ഷരമാലയും തെറ്റില്ലാതെ ചൊല്ലിയില്ല എന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ പിതാവിന്റെ സഹോദരീഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ വീട്ടിൽ നിന്നു കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ട നാട്ടുകാർ ആശാ വർക്കറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെത്തി അന്വേഷണം നടത്തിയതോടെയാണ് ക്രൂര പീഡനം പുറത്തറിഞ്ഞത്.  5 വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസ്സുകാരിയുടെ ശരീരത്തിൽ 14 ചതവുകളും കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു.

കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്. വാടകവീട്ടിൽ ബന്ധുവിനൊപ്പമാണു കുട്ടികളും രക്ഷിതാക്കളും താമസിക്കുന്നത്. ജോലി കഴിഞ്ഞെത്തുന്ന പിതാവ് മദ്യലഹരിയിൽ ഉറങ്ങിക്കഴിയുമ്പോഴാണു കുട്ടികളെ ബന്ധു മർദിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. മുറിയിൽ കയറ്റി കതകടച്ചശേഷം കസേരയിൽ കയറ്റി നിർത്താറുണ്ടെന്നും അക്കങ്ങളും അക്ഷരമാലയും ചൊല്ലുന്നതു തെറ്റിയാൽ കാപ്പിക്കമ്പും പൈപ്പും ഉപയോഗിച്ചു മർദിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. ഉപ്പ് നിലത്തു വിതറി അതിൽ നിർത്തിയതിനാൽ ഇരുവരുടെയും കാൽമുട്ടിൽ മുറിവുണ്ടായിട്ടുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് തീപ്പൊള്ളലേറ്റ പാടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button