തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്ന് അദ്ദേഹം വമർശിച്ചു. ആർഎസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ല. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് ഇപ്പോൾ ആർഎസ്എസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നിരവധി ഗൗരവകരമായ നീക്കങ്ങൾ നടക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കാൻ ബാധ്യതസ്ഥരായ അധികാരികൾ തന്നെയാണ് വിപരീത നിലപാട് സ്വീകരിക്കുന്നതെന്ന് ഓർക്കണം. അതിനിടയാക്കിയത് എന്താണെന്ന് എല്ലാവർക്കും അറിയാം. ബിജെപി കേവലമായൊരു രാഷ്ട്രീയ പാർട്ടിയല്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്ത നിലപാടാണ് അവർ സ്വീകരിക്കുന്നത്. ബിജെപിയുടെ കാര്യങ്ങൾ നയപരമായി തീരുമാനിക്കാനുള്ള അവകാശം അവർക്ക് തന്നെയാണെന്ന് പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. ആർഎസ്എസ് ഒരു കാലത്തും മതനിരപേക്ഷത അംഗീകരിച്ചിട്ടില്ല. അവർക്ക് വേണ്ടത് മതാഷ്ഠിത രാഷ്ട്രമാണ്. അതിന്റെ ഭാഗമായി ചിലരെ അവർ ആഭ്യന്തര ശത്രുക്കളായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒന്ന് കമ്മ്യൂണിസ്റ്റുകാരും മറ്റ് രണ്ട് പേർ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്യന്തം രക്തരൂക്ഷിതമായ വർഗീയ കലാപങ്ങൾ നടന്നു. നിരവധി ജീവനുകൾ ബലികൊടുക്കേണ്ടി വന്നു. മതന്യൂനപക്ഷങ്ങൾക്ക് നേരെ മനഃപൂർവം അഴിച്ചുവിട്ട ആക്രമണങ്ങളെ വേദനയോടെയാണ് നാം കണ്ടത്. എന്നാൽ അതിൽ വേദനിക്കുന്ന മനസല്ല ആർഎസ്എസിന്റേത്. കർണാടകയിൽ ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണങ്ങൾക്കും നേതൃത്വം നൽകിയത് സംഘപരിവാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments