കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാറിലെ ഉൾവനത്തിൽ തുറന്നുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. ആന പൂര്‍ണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമായിരുന്നു. ഇടത് പ്രൊഫൈലുകൾ ഇതിനെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പൂജ നടത്തിയത് വിവാദമാക്കേണ്ടെന്നും ഒരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്നും ശശീന്ദ്രൻ പറയുന്നു.
അരിക്കൊമ്പനെ പെരിയാർ വന്യജീവി കേന്ദ്രത്തിലെ ഉൾക്കാട്ടില്‍ തുറന്നുവിട്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ശരീരത്തിലെ മുറിവുകള്‍ പ്രശ്നമുള്ളതല്ലെന്നും വിദഗ്ധര്‍ വിലയിരുത്തി. അരിക്കൊമ്പന്‍റെ തുമ്പിക്കൈയില്‍ ഉള്‍പ്പെടെ ആഴത്തില്‍ മുറിവുണ്ട്. എന്നാൽ, ആന പൂർണ ആരോഗ്യവാനാണെന്നാണ് മന്ത്രി പറയുന്നത്.
അതേസമയം, തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിന് മുന്നിൽ വെച്ച് പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന്, അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments