Latest NewsInternational

ഇങ്ങനെയൊരു വ്യക്തി ലോകത്ത് ജീവിച്ചിരുന്നില്ല! പ്ലാ​സ്റ്റിക് സർജറി ചെയ്ത് മരിച്ചെന്ന് ലോകം മുഴുവൻ പ്രചരിച്ച കഥ വ്യാജം

പന്ത്രണ്ട് പ്ലാ​സ്റ്റിക് സർജറി ചെയ്തതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയ കനേഡിയൻ നടൻ. കഴിഞ്ഞ ദിവസങ്ങളിൽ ലോകം മുഴുവൻ പ്രചരിച്ച ഒരു വാർത്തയാണിത്. സെയ്ന്റ് വോൺ കൊളുചി എന്ന നടൻ ബിടിഎസ് ഗായകൻ ജിമിനെ പോലെയാകാൻ പ്ലാ​സ്റ്റിക് സർജറി ചെയ്ത് മരണപ്പെട്ടു എന്നായിരുന്നു വാർത്ത. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വ്യാപകമായി പ്രചരിക്കുകയും യുഎസ്, കാനഡ, ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ പല മാധ്യമങ്ങളും വാർത്ത ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെയൊരു വ്യക്തി ലോകത്ത് ജീവിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇതുപോലൊരു സംഭവം ലോകത്ത് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അൽ ജസീറയും വെറൈറ്റി.കോമുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകൾ ആദരാജ്ഞലി അർപ്പിക്കുകയും ഇത്തരത്തിൽ മരണപ്പെട്ടെന്ന് കേട്ട് രോഷാകുലരാകുകയും ചെയ്ത സംഭവം ഒരു ഇല്ലാക്കഥയാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ജനറേറ്റീവ് എഐയുടെ ശേഷി പ്രയോജനപ്പെടുത്തി സൃഷ്ടിച്ച ഇല്ലാക്കഥയാണിതെന്നാണ് അൽ ജസീറ പറയുന്നത്. ഇന്നുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ എഐ തട്ടിപ്പാണ് സെയ്ന്റ് വോൺ കൊളുചി എന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ദക്ഷിണ കൊറിയൻ പാട്ടുകാരനും നർത്തകനുമായ ജിമിന്റെ രൂപഭാവങ്ങൾ ആവാഹിക്കാനായി തന്റെ ശരീരത്തിൽ 220,000 ഡോളറോളം മുടക്കി 12 സൗന്ദര്യവൽക്കരണ ശസ്ത്രക്രിയകൾ നടത്തിയതിനെ തുടർന്ന് കൊളൂചി മരണപ്പെട്ടു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. വാർത്തയിൽ പറയുന്നത് അനുസരിച്ച് 2019ൽ കാനഡയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയ 22 കാരനായ നടനാണ് കൊളുചി. കൊറിയൻ പോപ് സംഗീത മേഖലയിലേക്ക് എത്താനാണ് അദ്ദേഹം കാനഡ വിട്ടതെന്ന് കൊളുചിയുടെ പബ്ലിസിസ്റ്റായ എറിക് ബ്ലെയ്ക് പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

സർജറികളിലൂടെ മുഖത്തിനാകെ മാറ്റം വരുത്തി, മൂക്കും ശരിയാക്കി. ചുണ്ടിന്റെ വലുപ്പം കുറച്ചു. കണ്ണുകൾക്കും മാറ്റം വരുത്തി. ഈ ശസ്ത്രക്രിയകൾ സമ്മാനിച്ച സങ്കീർണ്ണതകൾ താങ്ങാനാകാതെ കൊളൂചി എപ്രിൽ 23ന് ഒരു ദക്ഷിണ കൊറിയൻ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. ഒരു പാശ്ചാത്യ വംശജന് കൊറിയയിൽ നേരിടേണ്ടി വന്ന വിവേചനത്തെ തുടർന്നാണ് കൊളൂചിക്ക് ശസ്ത്രക്രിയകൾ എന്ന കടുംകൈ ചെയ്യേണ്ടിവന്നതെന്നും പറയപ്പെടുന്നു.

കൊളുചിക്ക് ഇരുണ്ട സ്വർണ മുടിയും നീല കണ്ണുകളുമായിരുന്നു ഉണ്ടായിരുന്നതെന്ന് ബ്ലെയ്കിന്റെ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ആറടി പൊക്കക്കാരനായ കൊളൂചിക്ക് ചില അസ്ഥിരതകൾ ഉണ്ടായിരുന്നു എന്നും പറയുന്നു. അടുത്ത ഷൂട്ടിങ് തുടങ്ങാനിരുന്ന ഒരു സീരിയലിൽ കൊളുചിക്ക് റോൾ ലഭിച്ചിരുന്നു. പക്ഷേ, അൽ ജസീറയുടേതടക്കമുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊളുചിയും ബ്ലെയ്കും ജീവിച്ചിരുന്നവരല്ല എന്നാണ്.

കൊളുചി നാടകത്തിനു തുടക്കമിടുന്നത് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പു മുതലാണ്. ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള പല പ്രമുഖ മാധ്യമപ്രവർത്തകർക്കും ഇതു ലഭിച്ചു. വികലമായ ഇംഗ്ലിഷ് ഭാഷയിൽ എഴുതിയതായിരുന്നു വാർത്താക്കുറിപ്പ്. ഹൈപ് പബ്ലിക് റിലേഷൻസ് എന്ന ഏജൻസിയുടെ വിലാസത്തിലായിരുന്നു ഇമെയിൽ. മെയിലിൽ നൽകിയിരുന്നു പല ലിങ്കുകളും ലോഡ് ആകുന്നു പോലുമില്ലെന്ന് അൽ ജസീറ കണ്ടെത്തി. കൊളുചിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കുള്ള ലിങ്കും പ്രവർത്തിക്കുന്നില്ല. കൊളൂചി മരിച്ചു എന്നു പറഞ്ഞ ആശുപത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു ആശുപത്രിയും ഇല്ലെന്നും മനസ്സിലായി. കൊളുചിയുടേതായി ഇന്റർനെറ്റിൽ പ്രചരിച്ച ചിത്രങ്ങൾ ഇക്കാലത്തെ എഐ സൃഷ്ടിച്ചത് പോലെയായിരുന്നു.

അതേസമയം, വാർത്ത പ്രചരിപ്പിക്കാൻ മുന്നിൽ നിന്ന ഹൈപ്പിന്റെ നമ്പറിൽ അൽ ജസീറ വാർത്തയുടെ നിജസ്ഥിതി അറിയാനായി ഒരു സന്ദേശമയച്ചു. അതിന് അവർക്കൊരു വിചിത്രമായ മറുപടിയും ലഭിച്ചു – ‘എന്തു കുന്തമാണ് നിങ്ങൾക്കു വേണ്ടത്’ (W*f do u want.) എന്നായിരുന്നു അത്. പല കൊറിയൻ ഗായകർക്കും വേണ്ടി പാട്ടെഴുതിയ ആൾ എന്ന പറയപ്പെടുന്ന കൊളുചിക്ക് കാര്യമായ ഓൺലൈൻ സാന്നിധ്യം പോലുമില്ല. പ്രിയ നടന്റെ മരണത്തിൽ അനുശോചിക്കാൻ ആരും മുന്നോട്ടുവന്നിട്ടുമില്ല. കൊളുചി ചിത്രങ്ങൾക്കെല്ലാം ഒരു സവിശേഷതയുമുണ്ട് – വൈകല്യമുള്ള കൈകൾ. ഇത് ചിത്രങ്ങൾ സൃഷ്ടിക്കാൻ എഐ ഇടപെട്ടതിന്റെ തെളിവാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

കനേഡിയൻ നടന്റെ മരണത്തിൽ തങ്ങളുടെ രാജ്യത്ത് ഒരു കേസുപോലും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കൊറിയൻ പൊലീസും സ്ഥിരീകരിച്ചു. കൊളുചി എന്ന ഇല്ലാത്ത വ്യക്തിയെ ചുറ്റിപ്പറ്റി മെനഞ്ഞ കഥയാണ് ലോകത്തു പ്രചരിച്ചതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഡെയ്‌ലി മെയിൽ റിപ്പോർട്ട് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button