ബെംഗളൂരു: കന്നഡ നടി ചേതന രാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് നടി മരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിക്കായി ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയിലെ സങ്കീർണ്ണത കാരണം ശ്വാസകോശത്തിൽ ഫ്ല്യൂയിഡ് അടിഞ്ഞുകൂടുകയായിരുന്നു.
ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും താരം മരണപ്പെട്ടു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് നടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇവർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം ചേതനയെ അവർ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയത് അവർ മരിച്ച ശേഷമാണെന്ന് അറിയിച്ചു. ബെംഗളൂരുവിലെ ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലാണ് നടി പ്ലാസ്റ്റിക് സർജറിക്കായി പോയത്. സർജറി വിജയകരമായിരുന്നില്ല.
സർജറി ചെയ്ത ഡോക്ടർമാർ വൈകിട്ട് അഞ്ചരയോടെ നടിയെ കാഡെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് അവർ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി എന്ന് ഇവർ പറയുന്നു. പിന്നീട് 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന്, കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചു. ചേതന മരണപ്പെട്ടു എന്നറിഞ്ഞിട്ടാണ് ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലെ ഡോക്ടർമാർ നടിയെ കൊണ്ടുവന്നതെന്നും ഇവർ പൊലീസിനു വിവരം നൽകി.
Post Your Comments