
മലപ്പുറം: എസ് സി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടക്കര പാലേമാട് മേല്‍മുറിയില്‍ സുധീഷി(40 )നെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്. ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവതക്ക് ഈ തുക നല്‍കേണ്ടതാണെന്ന് കോടതി വിധിയിൽ പറയുന്നു.
2018-ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ കുട്ടിയെ വീട്ടില്‍ നിന്നും പ്രതി തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പിയായിരുന്ന എം പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി. വിധിയെ തുടർന്ന്, പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Post Your Comments