മുംബൈ: ഫാഷൻ ഡിസൈനറും മോഡലുമായ മുസ്‌കാൻ നാരംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദിലെ തന്റെ വീട്ടിലാണ് മുസ്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറാദാബാദിലെ രാം ഗംഗാ വിഹാർ കോളനി ഓഫ് പോലീസ് സ്റ്റേഷൻ സിവിൽ ലൈൻ ഏരിയയിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
താൻ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സൂചന നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമായിരുന്നു താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്ത്. 25 വയസായിരുന്നു. തന്റെ അവസാനത്തെ വീഡിയോ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ എല്ലാവരോടുമായി താരം ‘ഗുഡ് ബൈ’ പറയുന്നുമുണ്ട്. ഹോളി ദിനത്തിൽ മുംബൈയിൽ നിന്ന് വീട്ടിലെത്തിയതിന് ശേഷം യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു.
തനിക്ക് ആത്മവിശ്വാസം ധാരാളമുണ്ടെങ്കിലും ആളുകൾ അതിനെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഇത് തന്റെ അവസാനത്തെ വീഡിയോ ആണെന്നും മുസ്കാൻ വീഡിയോയിൽ പറയുന്നു. താൻ എന്ത് ചെയ്താലും അത് തന്റെ മാത്രം ഇഷ്ടമാണെന്നും ആരെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച് മുകൾ നിലയിലെ തന്റെ മുറിയിലേക്ക് പോയ മകളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് യുവതിയുടെ കുടുംബം. ഉറങ്ങാൻ പോകുന്നത് വരെ മകൾ എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുകയും ചിരിച്ച് കളിച്ച് നടക്കുകയും ചെയ്തതായി കുടുംബം ഓർത്തെടുക്കുന്നു.
പിറ്റേ ദിവസം രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുസ്കാൻ താഴേക്ക് ഇറങ്ങി വരാതെ ആയതോടെ, വാതിൽ ചവുട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മുസ്‌കാന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിൽ വീഡിയോയിൽ താരം പറയുന്ന കാര്യങ്ങൾക്കും താരത്തിന്റെ ആത്മഹത്യയ്‌ക്കും തമ്മിൽ പരസ്പരം ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments