KeralaLatest News

ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടികളുമായി സൗഹൃദം കൂടി സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങും, മലപ്പുറം സ്വദേശിഅറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തിരുന്ന മലപ്പുറം സ്വ​ദേശി അജ്മലിനെ പൊലീസ് പിടികൂടിയതും സമൂഹ മാധ്യമത്തെ ഉപയോ​ഗിച്ച് തന്നെ. തിരൂർ ചമ്രവട്ടം സ്വദേശി തൂമ്പിൽ മുഹമ്മദ് അജ്മൽ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. സ്വർണം കൈക്കലാക്കിയ ശേഷം പെൺകുട്ടികളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയുമാണ് പതിവ്. അജ്മലിനെ കുറിച്ച് യാതൊരു വിവരങ്ങളും പെൺകുട്ടികൾക്ക് അറിയുമായിരുന്നില്ല. ഇതോടെയാണ് പൊലീസ് സമൂ​​ഹ മാധ്യമത്തിലൂടെ തന്നെ ഇയാൾക്ക് കെണിയൊരുക്കിയത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്വർണാഭരണങ്ങളാണ് അജ്മൽ തട്ടിയെടുത്തത്. പഴയ സ്വർണ്ണം പുതിയതാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാർത്ഥിനികളിൽ നിന്ന് സ്വർണം വാങ്ങിയത്.പിന്നീട് ഇൻസ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാർത്ഥിനികൾ വിവരം വീട്ടുകാരെ അറിയിച്ചു. താമസിയാതെ വീട്ടുകാർ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അജ്മലിൻറെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാർത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇൻസ്റ്റാഗ്രാമിൽ തന്നെ കെണിയൊരുക്കാൻ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരിൽ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മൽ ശ്രമിച്ചു. സ്വർണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു.

പെൺകുട്ടികളിൽ നിന്ന് വാങ്ങിയ സ്വർണ്ണാഭരണങ്ങൾ ചമ്രവട്ടം നരിപ്പറമ്പിൽ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മൽ പൊലീസിന് നൽകിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇൻസ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിൻറെ മൊഴി. പെൺകുട്ടികൾ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button