സംസ്ഥാനത്ത് ‘വിവ കേരളം’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന രക്ത പരിശോധനകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പരിശോധിച്ച മൂന്ന് ലക്ഷം പേരിൽ 1.47 ലക്ഷം സ്ത്രീകളാണ് വിളർച്ച ബാധിതരായിട്ടുള്ളത്. 15 വയസ് മുതൽ 59 വയസ് വരെയുള്ള 3,00,199 സ്ത്രീകളിലാണ് വിളർച്ച പരിശോധന നടത്തിയത്. വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് വിവ കേരളം.
പരിശോധന നടത്തിയവരിൽ 8,189 പേർക്ക് ഗുരുതരമായ വിളർച്ച കണ്ടെത്തിയിട്ടുണ്ട്. 69,521 പേർക്ക് സാരമായ വിളർച്ചയും, 69,668 പേർക്ക് നേരിയ വിളർച്ചയും കണ്ടെത്തിയിട്ടുണ്ട്. വിളർച്ച ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിലും മാറ്റം വരുത്താൻ അവബോധ ക്ലാസുകൾ നൽകുന്നതാണ്. കൂടാതെ, സാര വിളർച്ചയുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ ഉറപ്പുവരുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിശോധന നടത്തിയത് കൊല്ലം ജില്ലയിലാണ്. 32,146 പേരെയാണ് കൊല്ലം ജില്ലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരത്ത് 28,533 പേരെയും, ആലപ്പുഴയിൽ 26,619 പരിശോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുരുതര വിളർച്ച റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിലാണ്. 1,528 പേരാണ് പാലക്കാട് ജില്ലയിൽ ഗുരുതര വിളർച്ച ബാധിതർ.
Post Your Comments