തിരുവനന്തപുരം: സിപിഎം നേതാക്കള്‍ വന്ദേ ഭാരതിനെ വാഴ്ത്തുമ്പോള്‍ ഇടത് സഹയാത്രികനായ സന്ദീപാനന്ദ ഗിരി വന്ദേ ഭാരതിനെ തള്ളുകയും കൊച്ചി വാട്ടര്‍ മെട്രോയെ വാനോളം പുകഴ്ത്തുകയും ചെയ്തു. വാട്ടര്‍ മെട്രോ കൊച്ചിയുടെ ജീവിതത്തെ എത്രമാത്രം മെച്ചപ്പെടുത്തുമെന്ന് ആദ്യദിനത്തെ അനുഭവം തന്നെ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം, മന്ത്രി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് സാക്ഷ്യപ്പെടുത്തുന്നു.
മന്ത്രി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
‘വാട്ടര്‍മെട്രോ കൊച്ചിയുടെ ജീവിതത്തെ എത്രമാത്രം മെച്ചപ്പെടുത്തുമെന്ന് ആദ്യദിനത്തെ അനുഭവം തന്നെ വ്യക്തമാക്കുന്നു. പത്തു ദ്വീപുകളുമായി ബന്ധപ്പെടുത്തുന്ന വാട്ടര്‍ മെട്രോക്ക് നേതൃത്വം നല്‍കാന്‍ കെ എം ആര്‍ എല്‍ വേണമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ കടമ്പകളേറെയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് കെ എം ആര്‍ എല്ലിന് തടസ്സങ്ങളില്ലെന്നുമായിരുന്നു യൂണിയന്‍ ഗവണ്‍മെന്റിന്റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്. ഈ തുകയില്‍ ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നുണ്ട്’.
‘ഇതിനായുള്ള ആധുനിക ബോട്ട് നിര്‍മ്മിക്കാനുള്ള കരാര്‍ കൊച്ചി കപ്പല്‍ശാലക്ക് നല്‍കി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓര്‍ഡര്‍ കപ്പല്‍ശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്. ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്ന ബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന സംയോജിത ഗതാഗത സംവിധാനം വരുന്നത്’.
‘വാട്ടര്‍ മെട്രോയുടെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരും കെ എം ആര്‍എല്ലും ഉള്‍പ്പെടുന്ന പുതിയ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറി ചെയര്‍മാനും കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ എംഡിയുമായ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിലെ ഏഴു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചെയര്‍മാനടക്കം അഞ്ചു പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും എംഡിയടക്കം രണ്ടു പേര്‍ കെ എം ആര്‍ എല്ലിന്റ പ്രതിനിധികളുമാണ്. സ്വഭാവികമായും അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരുമില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ദ്വീപുകളിലെ സാധാരണക്കാര്‍ക്ക് ഏറ്റവും ആധുനിക യാത്രാ സൗകര്യം നല്‍കുന്ന വാട്ടര്‍ മെട്രോ ടൂറിസത്തിനും വലിയ കുതിപ്പേകും”.
Post Your Comments