തൃശൂര്‍: വേനല്‍മഴയുടെ ആശങ്ക പൂരനഗരിയില്‍ വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൂരം വെടിക്കെട്ട് മഴ കവര്‍ന്നത് പോലെ ഇത്തവണയും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയിലാണ് വെടിക്കെട്ട് പ്രേമികള്‍. 28ന് സാമ്പിളും മേയ് ഒന്നിന് പുലര്‍ച്ചെ പൂരം വെടിക്കെട്ടും നടക്കും. പൂരനഗരിയുടെ ആകാശമേലാപ്പില്‍ കരിമരുന്നിന്റെ വിശ്വരൂപം പുറത്തെടുക്കുന്നതിനുള്ള ഒരുക്കം മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നു.
കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീര്‍ക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്റെ മുഖ്യആകര്‍ഷണം. തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്. 40ലേറെ തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. ജില്ലയില്‍ മറ്റിടങ്ങളില്‍ വെടിക്കെട്ടിന് കര്‍ശനനിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ വെടിക്കെട്ട് പ്രേമികളുടെ പ്രതീക്ഷ തൃശൂരിലാണ്. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ മാത്രമാണ് ഇത്തവണ വെടിക്കെട്ട് നടന്നത്. അന്തിമഹാകാളന്‍ കാവില്‍ അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം പെസോ അധികൃതരുടെ ഇടപെടല്‍ മൂലം നടത്താന്‍ സാധിച്ചിരുന്നില്ല.
പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസന്‍സി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വര്‍ഗീസാണ്. കഴിഞ്ഞവര്‍ഷം ചരിത്രം കുറിച്ച് ഒരു വനിതയെ വെടിക്കെട്ട് ലൈസന്‍സി എല്‍പ്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണ മുണ്ടത്തികോട് സതീഷിനെയാണ് തങ്ങളുടെ അഭിമാനം കാക്കാനുള്ള കമ്പക്കെട്ടിന്റെ കരാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സാമ്പിളിലും പൂരം വെടിക്കെട്ടിലും ഒളിച്ചിരിക്കുന്ന മാന്ത്രിക വിദ്യകള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഉത്സവപ്രേമികള്‍.
വെടിക്കെട്ട് പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന തരത്തില്‍ പുത്തന്‍ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളില്‍ ഒരുങ്ങുന്നത്. അമിട്ടില്‍ കെ – റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. ശബ്ദത്തിന് ഒപ്പം വര്‍ണവും വാരിവിതറുന്ന മാനത്തെ പൂരത്തിന് ഇത്തവണയും പതിനായിരങ്ങള്‍ എത്തിച്ചേരും.
വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് പൂരപ്രേമികള്‍ക്ക് ആശ്വാസമാകുന്നുണ്ട്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍ നിന്ന് ഇക്കുറി വെടിക്കെട്ട് കാണാം. കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ നേതൃത്വത്തില്‍ പെസോ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ദൂരപരിധി അളന്ന ശേഷമാണ് കൂടുതല്‍ സ്ഥലങ്ങളില്‍ നില്‍ക്കാനുള്ള അവസരം നല്‍കിയത്.
പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് മുതല്‍ എം.ജി റോഡ് വരെ നടപ്പാതയ്ക്ക് പുറത്തും, ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് വരെ റൗണ്ടിലെ റോഡിലും കാണികള്‍ക്ക് പ്രവേശിക്കാം. സാമ്പിള്‍ വെടിക്കെട്ടിന് എം.ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റര്‍ മുതല്‍ പാറമേക്കാവ് വരെയും റോഡില്‍ പ്രവേശിക്കാനാകും.
Post Your Comments