ഇടുക്കി: പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം. ഇടുക്കിയില്‍ ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടന് (44) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേർ ഇയാളെ ആക്രമിച്ചത്. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ പേരു ചോദിച്ച് ഉറപ്പാക്കിയ ശേഷം ആക്രമിക്കുകയായിരുന്നു.
‘ബൈക്ക് നിർത്തിയ സംഘം തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ ഒരാള്‍ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. തുടർന്ന് തന്നെ ആക്രമിക്കുകയായിരുന്നു’- ഓമനക്കുട്ടൻ പറയുന്നു. നിലവിളിച്ചെങ്കിലും തൊട്ടടുത്ത് വീടുകളില്ലാത്തതിനാൽ ആരുടെയും സഹായം ലഭിച്ചില്ല. ഇതിനിടെ ഓമനക്കുട്ടന്‍റെ മൊബൈൽ ഫോണും അക്രമികൾ കവർന്നു. കാലിന് പരുക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
സംഭവത്തിന് പിന്നാലെ ഓമനക്കുട്ടൻ പൊലീസിൽ പരാതി നല്‍കി. അക്രമികളെ ഓമനക്കുട്ടൻ മുൻപു കണ്ടിട്ടില്ല. പൊലീസ് ആശുപത്രിയിലെത്തി ഓമനക്കുട്ടന്‍റെ മൊഴിയെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments