താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ പ്രസിഡന്റും നിർമ്മാതാവുമായ ജി. സുരേഷ് കുമാർ. പലരും വൻ തുകകളാണ് പ്രതിഫലമായി ചോദിക്കുന്നതെന്നും കാശും വാങ്ങി പോക്കറ്റിൽ ഇട്ട് സിനിമയിൽ അഭിനയിച്ച് പോയാൽ മതിയോ, ആ പടം ഓടുന്നോ ഇല്ലയോ എന്ന് നോക്കണ്ടേ എന്നും സുരേഷ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു .
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എഴുപത്തി അഞ്ചോ എഴുപത്തി ആറോ സിനിമകൾ പുറത്തിറങ്ങിയതിൽ ഒരൊറ്റ സിനിമ മാത്രമാണ് കഴിഞ്ഞ വർഷം ഓടിയത്. വലിയ സൂപ്പർ താരങ്ങൾ അഭിനയിച്ച പടങ്ങളും പൊട്ടി തരിപ്പണമായി പോകുന്നു. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചാൽ മാത്രം പോര. പ്രമോഷന് പോണം. പ്രധാനപ്പെട്ട ആൾക്കാർ എങ്കിലും പോകണം. കേരളത്തിൽ മാത്രമാണല്ലോ ആരും പോകാതിരിക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഉള്ള താരങ്ങൾ എല്ലാ പ്രമോഷനും പോകുന്നല്ലോ. ദസറയുടെ പ്രമോഷന് വേണ്ടി നാനി കേരളത്തിൽ വന്നില്ലേ. അവർ ഇന്ത്യ മുഴുവൻ ഓടി നടക്കുകയാണ് പ്രമോഷന് വേണ്ടി. നമ്മുടെ ഇവിടെ ആൾക്കാരെ വിളിച്ചാൽ വരില്ല. അതെന്തൊരു ഏർപ്പാടാണ്.
read also: ആ പട്ടികയിലെ അവസാന പേരാണ് ഇപ്പോള്‍ വെട്ടിപ്പോയിരിക്കുന്നത്: വേദനയോടെ ജയറാം
കാശും വാങ്ങി പോക്കറ്റിൽ ഇട്ട് സിനിമയിൽ അഭിനയിച്ച് പോയാൽ മതിയോ. ആ പടം ഓടുന്നോ ഇല്ലയോ എന്ന് നോക്കണ്ടേ. എഗ്രിമെന്റിൽ ഒപ്പിടാത്ത ഒരാളും ഇനി ഇവിടെ അഭിനയിക്കില്ല. അത് നൂറ് ശതമാനവും. ഒപ്പിടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ ചെയ്യട്ടേ. ഞങ്ങൾ കാണിച്ചു തരാം. ഒരു ദിവസം ഷൂട്ട് ചെയ്ത പണം പോലും സിനിമയ്ക്ക് കിട്ടുന്നില്ല. അഞ്ച് ലക്ഷം പോലും വരുന്നില്ല. പല പടങ്ങളും അഞ്ചും നാലും മൂന്നും ലക്ഷങ്ങളാണ് കളക്ട് ചെയ്യുന്നത്. ഇതെവിടെ പോയി നിൽക്കും. സൂപ്പർ താരങ്ങളൊക്കെ ഇപ്പോൾ വാങ്ങിക്കുന്ന പ്രതിഫലം കുറയ്ക്കണം. കുറച്ചാലെ പറ്റൂ. ഒരു പടം പൊട്ടിയാലും അവർ പ്രതിഫലം കൂട്ടുകയാണ്. അതുപാടില്ല. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി വേണം അവർ പ്രതിഫലം വാങ്ങാൻ. സിനിമ പ്രതിസന്ധിയിൽ ആണെന്ന് താരങ്ങൾ മനസിലാക്കണം. പടം പരാജയപ്പെട്ടാൽ ഉത്തരം പറയേണ്ടത് നിർമാതാക്കളാണ്. മിക്കവാറും എല്ലാ നിർമാതാക്കളും പ്രതിസന്ധിയിലാണ്. വലിയ താരങ്ങൾ അവരുടെ പേര് വച്ചിട്ടാകും പടം ബിസിനസ് ആകുന്നത്. തൊട്ട് താഴെ ഉള്ളവർ മുപ്പതും നാല്പതും ലക്ഷങ്ങൾ ചോദിക്കുക എന്ന് പറഞ്ഞാൽ നമുക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്’, സുരേഷ് കുമാർ പറഞ്ഞു.
Post Your Comments