
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് നടൻ മോഹൻലാൽ. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്ന കുറിപ്പോടു കൂടിയാണ് മോഹൻലാൽ ആന്റണിയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ്, സംവിധായകൻ വിനയൻ, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവർ നേരത്തെ തന്നെ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണെന്നും നിർമാതാവായ ജി സുരേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് താങ്ങാൻ ആവുന്നതിന്റെ പത്തിരട്ടി പ്രതിഫലമാണ് താരങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. താരങ്ങൾക്ക് ഈ മേഖലയോട് പ്രതിബദ്ധതയില്ലെന്നും ഇല്ലെന്നും ജൂൺ ഒന്ന് മുതൽ സിനിമാ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായ ഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചതെന്നും ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
Post Your Comments