തൊടുപുഴ: അപകടകരമായ സാഹചര്യത്തിലും അനുമതിയില്ലാതെയും സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ ബേക്കറി ഉടമ തൊടുപുഴ മഠത്തിക്കണ്ടം പട്ടേരിക്കൽ അനിൽ കുമാറിനെ(55) പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് തൊടുപുഴ മങ്ങാട്ടുകവലയിലെ ഫ്രഷ് ആൻഡ് ഫ്രഷ് ബേക്കറിയുടെ ഗോഡൗണിൽ നിന്നു സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ഇവിടെ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇയാൾക്കെതിരെ സ്ഫോടക വസ്തു നിരോധന നിയമം അനുസരിച്ച് കേസെടുത്തു.
ആഘോഷ വേളകളിൽ ഉപയോഗിക്കുന്ന വിവിധയിനം പടക്കങ്ങളും മറ്റുമാണ് മൂന്ന് ചാക്കിലാക്കി സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇവ വിൽപ്പന നടത്തുന്നതിന് അനുമതിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്ത് എക്സ്പ്ലോസീവ് ലൈസൻസുള്ള നഗരത്തിലെ പടക്ക വ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ കോടതിയുടെ അനുമതിയോടെ ബോംബ് സ്ക്വാഡിനെക്കൊണ്ട് നിർവീര്യമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവ എക്സ്പ്ലോസീവ് ലൈസൻസുള്ള പടക്കവ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു, എസ്ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബേക്കറി ഉടമയെ കോടതിയിൽ ഹാജരാക്കി.
Post Your Comments