രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയർപ്പിച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര. ഇതോടെ, കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് രാജു അപ്സര എഴുതിയ കത്ത് വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രധാന സ്ഥാനം വഹിക്കുന്നയാൾ, ഒരു രാഷ്ട്രീയ പാർട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഇന്ത്യയുടെ വികസന രംഗത്ത് നിർണായക മുന്നേറ്റങ്ങളാണ് മോദി സർക്കാർ നടത്തിയിട്ടുള്ളതെന്നും, ഇവ രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്നും രാജു അപ്സര കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജിഎസ്ടി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല നിയമങ്ങളും വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ, ഇത്തരം കത്ത് വ്യാപാരി സംഘടനയുടെ അഭിപ്രായമായി കണക്കാക്കാൻ കഴിയില്ലെന്ന് സംഘടനയിലെ മുതിർന്ന ഭാരവാഹി പറയുന്നു.
ഈ മാസം 24, 25 തീയതികളിലാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിന്റെ പൊതു ഗതാഗത രംഗത്തും, വ്യാപാര- വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം കേരളത്തിന് പുത്തൻ അനുഭവമാകുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കൂടാതെ, ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരുന്ന എയിംസ് ഉടൻ തന്നെ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments