അഞ്ചൽ: കഴിഞ്ഞ മാസം സിവില്‍ എക്സൈസ് ഓഫീസര്‍ അടക്കം പിടിയിലായ എം.ഡി.എം.എ, കഞ്ചാവ് കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ. അഞ്ചല്‍ പനയഞ്ചേരി കൊടിയാട്ട് ജങ്ഷനില്‍ അമല്‍ ഭവനില്‍ ശബരി (21) ആണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ആഴ്ച പിടിയിലായ മലമ്പുഴ സ്വദേശി നിക്ക് ആകാശിന് മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ സാമ്പത്തികം ഉള്‍പ്പെടെ സഹായം ശബരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഞ്ചലിലെ കുഴിമന്തി സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തുവന്ന ഇയാള്‍ക്ക് പിടിയിലായ നിക്ക് ആകാശുമായി അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നീട് വില്‍പനയിലേക്ക് മാറുകയുമായിരുന്നു.
അഞ്ചല്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സന്തോഷ് ചെട്ടിയാര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചലില്‍ നിന്നുമാണ് ശബരിയെ പിടികൂടുന്നത്. കൂടുതല്‍ അന്വേഷണത്തിനായി കേസിലെ പ്രധാന പ്രതിയായ നിക്ക് ആകാശിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു.
കിളിമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ കോട്ടുക്കല്‍ ഉതിയന്‍കോട്ട് വീട്ടില്‍ അഖില്‍ (28), അഞ്ചല്‍ തഴമേല്‍ ഹനീഫ മന്‍സിലില്‍ ഫൈസല്‍ ബെന്ന്യാന്‍ (26), ഏരൂര്‍ കരിമ്പിന്‍കോണം വിളയില്‍ വീട്ടില്‍ അല്‍ സാബിത്ത് (26), പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) എന്നിവരാണ് നേരത്തെ പിടിയിലായവർ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments