ഭോപ്പാൽ: ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ ആണ് മാസങ്ങൾ മാത്രം പ്രായമായ ശിശിക്കളെ മന്ത്രവാദികൾ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചത്. നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ കുട്ടികൾക്കു വേണ്ടിയുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചു.
രണ്ട് മാസം, ആറ് മാസം, ഏഴുമാസം എന്നീ പ്രായത്തിലുള്ള പിപിലിയഖാദൻ, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളിൽനിന്നുള്ള ആൺകുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്.
ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികൾക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട കുട്ടികളെ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കൾ, മന്ത്രവാദികളുടെ അടുക്കൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മന്ത്രവാദികൾ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു.
പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് മാതാപിതാക്കൾ കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Post Your Comments