ആലുവ: മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്തിയ മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ കാണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക് ദോൽ പ്രധാൻ (31), ശർമാനന്ദ് പ്രധാൻ (23) എന്നിവരാണ് പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ പൊലീസ് ആണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾക്ക് നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്ത പരിചയമുണ്ട്. പെരുമ്പാവൂരിൽ മൊത്തവില്പനയാണ് ലക്ഷ്യമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. പ്രത്യേകം പാക്ക് ചെയ്ത 15 ഓളം കഞ്ചാവ് പൊതികളാണ് ട്രോളിബാഗുകൾക്ക് ഉള്ളിലായി കണ്ടെത്തിയത്. കഞ്ചാവിന്റെ മണം ലഭിക്കാതിരിക്കാൻ ഉണക്ക കൊഴുവ മീൻ നിറച്ച അരക്കിലോ പാക്കറ്റും ബാഗുകളുടെ ഒപ്പം വച്ചിട്ടുണ്ടായിരുന്നു.
Read Also : ‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ
നക്സൽ സ്വാധീനമുള്ള കാണ്ടമാലിലെ ഉൾവനത്തിൽ നിന്നും 1,25,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒഡീഷയിൽ നിന്നും ട്രെയിനിൽ ചെന്നൈയിലെത്തുകയും അവിടെ നിന്നും മറ്റൊരു ട്രെയിനിൽ കയറി ആലുവയിൽ ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്ഐമാരായ സി.ആർ. ഹരിദാസ്, ജി.എ. അനൂപ്, ശ്രീലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments