തിരുവനന്തപുരം തൈക്കാട് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി ബാലാവകാശ കമ്മീഷൻ. നവജാത ശിശുവിനെ പണത്തിനുവേണ്ടി വിറ്റത് ഗൗരവമുള്ള സംഭവമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, സംഭവത്തിൽ ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നതാണ്.
ജുവനൈൽ ജസ്റ്റിസ് ആക്ട് 81 അനുസരിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കുക. ഇത് സംബന്ധിച്ച നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ട്. കരമന സ്വദേശിയായ യുവതിക്കാണ് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റ വിവരം സ്ഥിരീകരിച്ചത്. നിലവിൽ, ശിശുക്ഷേമ സംരക്ഷണ സമിതിക്ക് കുഞ്ഞിനെ കൈമാറിയിട്ടുണ്ട്.
Post Your Comments