Latest NewsKeralaNews

ഗാർഹികപീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളർത്തു പട്ടിയെ തുറന്നുവിട്ട് കടിപ്പിച്ചു

മേപ്പാടി: ഗാർഹികപീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പരാതിക്കാരിയുടെ ഭർത്താവ് വളർത്തു പട്ടിയെ തുറന്നുവിട്ട് കടിപ്പിച്ചതായി പരാതി. വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, കൗൺസിലർ നാജിയ ഷിറിൻ എന്നിവരെയാണ് മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് വീട്ടിലെ വളർത്തു പട്ടിയെ തുറന്ന് വിട്ട് കടിപ്പിച്ചത്. മായയ്ക്ക് കാലിൽ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗൺസിലറെ പട്ടി കടിച്ച് പരിക്കേൽപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് കഴിഞ്ഞമാസം വനിതാസംരക്ഷണ ഓഫീസിൽ ഭാര്യ പരാതി നൽകിയിരുന്നു. എന്നാൽ, പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും ബുധനാഴ്ച വീട്ടിൽച്ചെന്നത്.

പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്ത് മിനിറ്റ് നേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടിവന്നെന്ന് മായ പറഞ്ഞു. ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവർ വന്ന വാഹനത്തിന്റെ ഡ്രൈവറെ വിളിച്ച് ബഹളം വെച്ചപ്പോൾ പട്ടി ഇവർക്കുനേരെ തിരിഞ്ഞു. ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും ജോസ് ഇടപെട്ടില്ല. ബഹളം കേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ച് വിടുകയായിരുന്നു.

നാജിയ ഷിറിനും മായയും കല്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിനുശേഷം മേപ്പാടി എസ്ഐ വിപി സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണ് ജോസെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button