Latest NewsNewsIndia

ഫെബ്രുവരിയിൽ രാജ്യത്തെത്തിയ 12 ചീറ്റകളെ പ്രത്യേക മേഖലയിലേക്ക് മാറ്റി

ന്യൂഡൽഹി: രാജ്യത്ത് ഫെബ്രുവരിയിൽ രണ്ടാം ബാച്ചിലെത്തിയ 12 ചീറ്റകളെ പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിന് പ്രത്യേക മേഖലയിലേക്ക് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് ക്വാറന്റീനിലായിരുന്ന ചീറ്റകളെ പുതിയ പ്രദേശത്തേക്ക് തുറന്നു വിട്ടതെന്ന് പ്രൊജക്ട് ചീറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥൻ എസ്പി യാദവ് അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷമാണ് ഇത്തരത്തിൽ മാറ്റി പാർപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര സർക്കാരിന്റെ ആനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസിൽ നിന്നും എൻഒസി ലഭിക്കുന്നതിന് മുന്നോടിയായി 30 ദിവസത്തേക്ക് രണ്ടാം ബാച്ചിലെത്തിയ 12 ചീറ്റകളെ ക്വാറന്റീനിൽ പാർപ്പിച്ചിരുന്നു. പതിവായുള്ള നിരീക്ഷണങ്ങളുടെ ഫലമായി 12 ചീറ്റകളും പകർച്ചവ്യാധി മുക്തരാണെന്ന് കണ്ടെത്തി.

രാജ്യത്തെത്തിയ ചീറ്റകൾക്കെല്ലാം റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളിലൂടെയാണ് നിരീക്ഷണം സാധ്യമാകുന്നത്.

ഫെബ്രുവരി 18നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെത്തിയത്. എട്ട് ചീറ്റകളടങ്ങുന്ന ആദ്യബാച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാജ്യത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് വംശമറ്റ ചീറ്റകളെ പുനരവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button