മാവേലിക്കര: സാമൂഹികമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ചടയമംഗലം മണലയം ബിന്ദുവിലാസത്തിൽ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്.
മാവേലിക്കര വാത്തികുളം സ്വദേശിയെ കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് സുഹൃത്താക്കുകയും പിന്നീട് വിവാഹവാഗ്ദാനം നൽകിയ ശേഷം പഠനത്തിന്റെ ആവശ്യത്തിനെന്ന വ്യാജേനെ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഇവർ സമാനരീതിയിൽ തട്ടിയെടുത്തതായി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം സൈബർ സ്റ്റേഷനിൽ എത്തിയ ബിന്ദുവിനെയും സുഹൃത്തിനെയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിന്റെ മകൻ മിഥുൻ മോഹൻ പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു.
കുറത്തികാട് ഇൻസ്പെക്ടർ ബി ബൈജു, സീനിയർ സിപിഒ ഷാജിമോൻ, സിപിഒമാരായ സാദിഖ് ലബ്ബ, രമ്യ, അനീഷ് ജി. നാഥ്, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments