കണ്ണൂര്‍: മകനെ ജാമ്യത്തില്‍ ഇറക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയായ അമ്മയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ധര്‍മടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെ കേസെടുത്തു. കെ വി സ്മിതേഷിനെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെത്തിയവരെ മദ്യലഹരിയിലായിരുന്ന സ്മിതേഷ് ലാത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. വാഹനാപകടത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ അന്യായമായി മർദ്ദിച്ചുവെന്നും ഇയാൾക്കെതിരായ എഫ്.ഐ.ആറിൽ പറയുന്നു.
അമ്മയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ഇവർ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റമാരോപിച്ചാണ് മകനായ അനിൽകുമാറിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ ഹൃദ്രോഗിയായ അമ്മ രോഹിണി (70)യെ അസഭ്യം പറയുകയും തള്ളിയിട്ടതായും കുടുംബം ആരോപിക്കുന്നു.
തലശേരിയിലെ സ്വകാര്യാശുപത്രിയിൽ ഇവർ ചികിത്സതേടി. ബന്ധുക്കൾ സ്റ്റേഷനിലേക്ക് വന്ന കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്തതായും പരാതിയിൽ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരടക്കമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ‘എടുത്തോണ്ട് പോടാ’യെന്ന് എസ്എച്ച്ഒ ആക്രോശിക്കുന്നതും ‘വയ്യാത്ത സ്ത്രീ’യാണെന്ന് വനിതാപൊലീസുകാർ പറയുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. സുനിൽകുമാറിന്റെ പരാതിയിൽ അന്വേഷണവിധേയമായി എസ്എച്ച്ഒവിനെ ഉത്തരമേഖലാ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കേസ്.
Post Your Comments