വർക്കല: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വെട്ടൂർ കുഴിവിള വീട്ടിൽ സ്വദേശി പൂട എന്ന ഷംനാദാണ് (35) പിടിയിലായത്.
2022 ഡിസംബർ 13-ന് പുലർച്ച ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്തുകയറിയാണ് മോഷണം നടത്തിയത്. ഔട്ട്ലെറ്റ് മാനേജർ ക്യാബിന് സമീപത്ത് സൂക്ഷിച്ച, 50340 രൂപ വിലവരുന്ന 31 കുപ്പി മുന്തിയ ഇനം വിദേശനിർമിത മദ്യമാണ് സംഘം മോഷ്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
Read Also : ഭക്ഷണം കഴിഞ്ഞ ഉടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളറിയാം
ഓഫീസിലുണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവർ മദ്യം കടത്തിക്കൊണ്ടുപോയത്. ബിവറേജ് ഔട്ട്ലെറ്റിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചാണിവർ ഉള്ളിൽ പ്രവേശിച്ചത്. അതുകൊണ്ട്, ബിവറേജസ് സി.സി ടി.വിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന്, സമീപത്തെ ലോഡ്ജിന്റെ സി.സി ടി.വി പരിശോധിച്ചതോടെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടുമൂല സ്വദേശി അസിം, അയിരൂർ കോവൂർ സ്വദേശി ശങ്കരൻ എന്ന അജിത്ത് എന്നിവർ നേരത്തേ പിടിയിലായിരുന്നു.
അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments