ചാത്തന്നൂർ: ഒന്നര കിലോയോളം കഞ്ചാവുമായി മുൻ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവന്തപുരം നെടുമങ്ങാട് താലൂക്കിൽ ആര്യനാട് ഇറവൂർ ദേശത്തു സിന്ധു മന്ദിരത്തിൽ അയിരൂർ കുട്ടൻ എന്ന് വിളിക്കുന്ന ഷിബു മോൻ (43)ആണ് എക്സൈസിന്റെ പിടിയിലായത്.
ചാത്തന്നൂർ എക്സൈസ് ഇൻസ്പെകർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മീനമ്പലത്ത് നടത്തിയ പരിശോധനയിലാണ് 1.405 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.
Read Also : ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം, ഒടുവിൽ തേടിയെത്തിയത് ഗിന്നസ് റെക്കോർഡ്
ഇയാൾ കുറെ ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ ഇപ്പോൾ പാരിപ്പള്ളി കരിമ്പാലൂർ കോണത്തു വാടകയ്ക്ക് താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു. ഇയാൾക്കെതിരെ വാമനപുരം, വർക്കല എക്സൈസ് ഓഫീസുകൾ, മാറാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പാരിപ്പള്ളി കരിമ്പാലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് ഈ പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന്, നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ലോക്കൽ മാർക്കറ്റിൽ ഒന്നര ലക്ഷത്തോളം രൂപ വിലവരും.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments