പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ എടവാനി ഊരില്‍ നിന്നും ഉദ്ദേശം മൂന്നര കിലോമീറ്റര്‍ വടക്കു മാറി അരലിക്കോണം – കിണ്ണക്കര മലയിടുക്കില്‍ നിന്നാണ് 123 തടങ്ങളിലായി കൃഷി ചെയ്തിരുന്ന പല വലിപ്പത്തിലുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
അതിനിടെ തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. 30 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
Post Your Comments