കൊല്ലം: യുവതിയെ പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീർ (36) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
കേസിൽ അകപ്പെട്ട ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി മയക്കി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയേയും മകളേയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുപ്പം സ്ഥാപിച്ച പ്രതി ജോലിക്കെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ യുവതിയിൽ നിന്ന് പലപ്പോഴായി തട്ടിയെടുക്കുകയും ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഇവരുടെ എതിർപ്പിനെ വകവയ്ക്കാതെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
തുടർന്ന്, യുവതി പരവൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂർ പൊലീസ് ഇൻസ്പെക്ടർ നിസാർ, എസ്ഐ നിതിൻ നളൻ, എഎസ്ഐ രമേശൻ, എസ്.സിപിഒമാരായ റലേഷ്കുമാർ, സിപിഒ പ്രേംലാൽ, അരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments