തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷൻമാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതിൽ വി ഡി സതീശനും എം വി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നുണ പ്രചാരണം പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങൾ നടത്തി മതങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ. ഇത് ന്യൂനപക്ഷവിഭാഗങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനുള്ള മുഖംമൂടി മാത്രമാണ് കോൺഗ്രസ്-സിപിഎം നേതാക്കൾക്ക് ന്യൂനപക്ഷ സ്‌നേഹം. ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ജോസഫ് മാഷിന്റെ കൈ ഭീകരവാദികൾ വെട്ടി മാറ്റിയത്. അന്ന് വേട്ടക്കാർക്കൊപ്പമായിരുന്നു സിപിഎം സർക്കാർ നിന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്രവാചകനെ നിന്ദിച്ച ജോസഫ് മാഷിനെ കയ്യാമം വെപ്പിച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ജോസഫ് മാഷ് ഒളിവിൽ പോയപ്പോൾ മകനെയും ബന്ധുവിനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചു. കീഴടങ്ങിയ ജോസഫ് മാഷിനെ വിലങ്ങണിയിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങിച്ചത് ഇടതുപക്ഷ സർക്കാരായിരുന്നു. സിപിഎമ്മും സർക്കാരുമാണ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജോസഫ് മാഷിന്റെ കൈവെട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുത്തതെന്ന് ക്രൈസ്തവ വിശ്വാസികൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം അറിയിച്ചു.
പാലാ ബിഷപ്പിനെ ആക്രമിക്കാൻ ബിഷപ്പ്ഹൗസിലേക്ക് മതഭീകരവാദികൾ മാർച്ച് നടത്തിയപ്പോൾ എംവി ഗോവിന്ദനും വിഡി സതീശനും എവിടെയായിരുന്നു. അന്ന് ബിഷപ്പിനൊപ്പം നിൽക്കാൻ ബിജെപി മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. 2014ൽ ഇടുക്കിയിൽ തോറ്റതിന് ബിഷപ്പ് ഹൗസ് ആക്രമിച്ച പാർട്ടിയാണ് കോൺഗ്രസ്. സിപിഎമ്മുകാർ നിരവധി കരോൾ സംഘത്തെയാണ് കേരളത്തിൽ ആക്രമിച്ചത്. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്നതിനെ പറ്റി കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അഭിപ്രായമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവർക്ക് അർഹമായ ആനുകൂല്ല്യങ്ങൾ ലഭിക്കരുതെന്ന നിലപാടാണ് ഇരു പാർട്ടികൾക്കുമുള്ളത്. ലൗജിഹാദിന്റെ കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് ക്രൈസ്ത പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടുകാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments