കോഴിക്കോട്: വാടക വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ പ്രതി പിടിയിൽ. പാറക്കുളം അന്താരപ്പറമ്പ് വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 8.76 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ വിഎൽ ഷിജുവും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലും മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലുമായി മുപ്പതിലധികം അടിപിടി കവർച്ച കേസുകളിലെ പ്രതിയാണ് പ്രദീപ്. പ്രതി ലഹരിയ്ക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ ദിവസവും ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരി മരുന്ന് വിൽപ്പന നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് നിരീക്ഷിച്ച് വരികയായിരുന്നു.
രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബോട്ടുണ്ടെന്നും മീൻകച്ചവടമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വീട് വാടകയ്ക്കെടുത്തത്.
Post Your Comments