KeralaLatest NewsNews

അരിക്കൊമ്പനായി നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ്, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കും

ഇടുക്കി: അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ എറണാകുളത്തെ കോടനാട്ട് നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്നും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാനും വനംവകുപ്പിന്റെ തീരുമാനം. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയാല്‍ കൊമ്പനെ കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട് ആവശ്യമില്ലാതെയായത്.

കോടനാട്ടെ അഭയാരണ്യത്തില്‍ പത്ത് ലക്ഷം രൂപ ചിലവിട്ട് നൂറിലധികം യൂക്കാലിത്തടികളെത്തിച്ചാണ് ഈ കൂടൊരുക്കിയത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടികള്‍ക്ക് കേടുപറ്റില്ലെന്നും ചിതലരിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏതെങ്കിലും തടിക്ക് കേടുപറ്റിയാല്‍ മാറ്റിവയ്ക്കാന്‍ മുപ്പതോളം തടികള്‍ വനംവകുപ്പിന്റെ കൈവശമുണ്ട്. വയനാട് നിന്നെത്തിയ വിദഗ്ധരായ തൊഴിലാളികള്‍ ക്രെയ്ന്‍ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് കൂട് നിര്‍മ്മിച്ചത്.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും.

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം.

അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും ആണ് ഹൈക്കോടതി പറഞ്ഞത്. പറമ്പികുളത്തേക്ക് മാറ്റാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button