![](/wp-content/uploads/2023/04/sandeep.jpg)
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയം അല്ല രാഷ്ട്രമാണ് പ്രധാനമെന്നും പ്രിയപ്പെട്ട അനിൽ ആൻ്റണിക്ക് ദേശീയതയിലേക്ക് സ്വാഗതം എന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്.
എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്ന അനിൽ ആൻറണി, പ്രധാനമന്ത്രിയ്‌ക്കെതിരായ ബിബിസി ഡോക്യുമൻററിക്കെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു.
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. പിന്നീട് പല വിഷയത്തിലും ബിജെപിയെ പിന്തുണച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ നിലപാട്.
ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി, പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. കോൺഗ്രസ് അംഗത്വം രാജിവെച്ചതായി അനിൽ ആൻണി അറിയിച്ചു.
Post Your Comments