തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവിനും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2013 സെപ്റ്റംബർ 20-നു രാത്രി പത്തരയോടെയാണ് സംഭവം. കുട്ടി ചവർ കളയുന്നതിനായി വീട്ടിൽ നിന്നു റോഡിൽ വന്നപ്പോൾ ബസ് ഡ്രൈവറായ പ്രതി കുട്ടിയെ ബലമായി ബസിനുള്ളിൽ വലിച്ചു കയറ്റി പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് കേസ്. കുട്ടി ഭയന്നു നടക്കുന്നതു ശ്രദ്ധിച്ച വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന്, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
കേസിന്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ ശിക്ഷ വിധിച്ചത്.
Post Your Comments