പത്തനംതിട്ട: പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തിൽ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻമാർ. കുടുംബ ബന്ധങ്ങൾക്ക് വിലകൽപിക്കാത്ത നമ്മുടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്? ഇവിടെയിതാ തിരുവല്ലയിൽ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ടത്. സംഭവത്തിൽ ഈ അച്ഛൻ അറസ്റ്റിലായി. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് നഴ്സായ ഭാര്യ നെസിയെ വിളിച്ച് ജിൻസൺ ബിജു സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 40,000 രൂപ ചോദിച്ചു. കൊടുക്കില്ലെന്നായപ്പോഴാണ് മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി മുഴക്കി രാത്രി 11-ഓടെ നെസിയെ വീഡിയോ കോൾ ചെയ്തത്. കുട്ടിയുടെ വലതുവാരിയെല്ലിന്റെ ഭാഗത്ത് വാൾകൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഈ സമയം കുഞ്ഞ് ഭയന്ന് കരഞ്ഞു. ദൃശ്യങ്ങൾ നെസി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതിനെത്തുടർന്ന് ഇവരാണ് തിരുവല്ല പോലീസിൽ പരാതി നൽകിയത്.
അടുപ്പത്തിലായിരുന്ന ജിൻസണും നെസിയും 2018-ലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ബി.എസ്‌സി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ നെസി, മകൾക്ക് അഞ്ചുമാസം പ്രായമായപ്പോൾ മുംബൈയിൽ ജോലികിട്ടി പോയി. ജിൻസൺ നാട്ടിൽ ഡ്രൈവറായി ജോലിനോക്കി. ഇതിനിടെ ഇയാൾ വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു. വിദേശത്തുപോയ ജിൻസൺ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരികെവന്ന ഇവർ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി.
ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്ന നെസി കഴിഞ്ഞവർഷം ഡിസംബറിലാണ് വിദേശത്തേക്ക് വീണ്ടും പോയത്. അന്നുമുതൽ ഇയാൾ നിരന്തരം പണം ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി മുഴക്കി. എല്ലാമാസവും പണം നൽകിയിരുന്ന നെസിയോട്
പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇത് നൽകാത്തതിനാണ് ഇയാൾ കുഞ്ഞിനോട് അതിക്രമം കാട്ടിയത്.
Post Your Comments