കോഴിക്കോട് : ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അക്രമം നടത്തിയത് നോയിഡാ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളെന്ന് സൂചന. ഇയാളെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. അന്വേഷണത്തിനായി എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡിജിപി രൂപം നല്‍കിയിരുന്നു.
കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.
ട്രാക്കില്‍ നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments